എക്‌സിറ്റ് റീ എൻട്രിയിൽ പോയിട്ട് ഇപ്പോൾ രണ്ടു വർഷവും നാലു മാസവും
പിന്നിട്ടു. കോവിഡ് പ്രതിസന്ധിയിൽപെട്ട് നിശ്ചിത സമയത്തിനകം തിരിച്ചു വരാൻ
കഴിയാതാവുകയും എക്‌സിറ്റ് റീ എൻട്രീ നീണ്ടു പോയി കാലാവധി
അവസാനിക്കുകയുമായിരുന്നു. ഇനിയിപ്പോൾ എനിക്ക് അതേ വിസയിൽ തന്നെ
സൗദിയിലേക്ക് വരാൻ കഴിയുമോ? അതോ പുതിയ വിസ എടുക്കേണ്ടി വരുമോ?
ഉത്തരം: എമിഗ്രേഷൻ നിയമ പ്രകാരം റീ എൻട്രിയിൽ പോയവർ നിശ്ചിത
കാലാവധിക്കുള്ളിൽ രാജ്യത്ത് മടങ്ങി എത്തണമെന്നാണ് വ്യവസ്ഥ. അതല്ലെങ്കിൽ
എക്‌സിറ്റ് റീ എൻട്രി നീട്ടി അവരവരുടെ രാജ്യത്ത് തങ്ങുകയുമാവാം. പക്ഷേ
അതിന് ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കണം. നിങ്ങളുടെ കേസിൽ സ്‌പോൺസർ
നിങ്ങളുടെ വിസ റദ്ദാക്കിയിട്ടില്ലെങ്കിൽ നിങ്ങൾക്കു സൗദിയിലേക്കു
മടങ്ങിവരാം. അതിന് ഇഖാമ പുതുക്കുകയും എക്‌സിറ്റ് റീ എൻട്രി കാലാവധി
നീട്ടുകയും വേണം. എങ്കിൽ മാത്രമേ അതേ വിസയിൽ മടങ്ങി വരാൻ സാധിക്കൂ.
എക്‌സിറ്റ് റീ എൻട്രിയിൽ പോയി ഓരോ മാസവും അവരരുടെ രാജ്യത്ത് തങ്ങുന്നതിന്
100 റിയാൽ വീതം ഫീസ് നൽകേണ്ടതുണ്ട്. നിങ്ങൾ ഇപ്പോൾ എക്‌സിറ്റ് റീ എൻട്രിയിൽ
പോയിട്ട് 28 മാസം പിന്നിട്ടിരിക്കുകയാണ്. അങ്ങനെ വരുമ്പോൾ 2800 റിയാൽ ഈ
ഇനത്തിലും ഇഖാമ പുതുക്കുന്നതിന്റെ ഫീസ് വേറെയും കൊടുക്കണം.
പുതിയ വിസയിൽ വരുന്നത് പ്രായോഗികമല്ല, കാരണം എക്‌സിറ്റ് റീ എൻട്രിയിൽ പോയി
നിശ്ചിത സമയത്തിനകം തിരിച്ചെത്താതിരിക്കുന്നവർക്ക് പുതിയ വിസയിൽ
സൗദിയിലെത്താൻ മൂന്നു വർഷം കാത്തിരിക്കണം. ഇതിനുള്ളിലായി വേണമെങ്കിൽ പഴയ
സ്‌പോൺസറുടെ പുതിയ വിസയിൽ വരാൻ കഴിയും. അതേസമയം മറ്റൊരു സ്‌പോൺസറുടെ പുതിയ
വിസയിൽ വരണമെങ്കിൽ മൂന്നു വർഷം കഴിഞ്ഞേ സാധിക്കൂ. ഇതാണ് നിലവിലെ നിയമം.